അഗളി : മലമടക്കുകളിലെ ആദിവാസി ബാല്യങ്ങൾക്കു കംപ്യൂട്ടർ പരിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകാൻ, അറിവിന്റെ കരുത്തിൽ അന്ധതയെ തോൽപ്പിച്ച ഒരു സംഘം യുവതിയുവാക്കളെത്തി. റോട്ടറി കൊച്ചിൻ ഗ്ലോബൽ ഫൗണ്ടഷന്റെ കാഴ്ച വൈകല്യമുള്ളവർക്കായുളള കേന്ദ്രം ആർസിജിഎഫ് സൂര്യ .ഊരുകൾക്കപ്പുറത്തു പുറംലോകത്തിന്റെ വെളിച്ചം കണ്ടിട്ടില്ലാത്ത കുട്ടികളായിരുന്നു പഠിതാക്കൾ. ആദിവാസി കുടുംബശ്രീ പദ്ധതിക്കു കീഴിലെ ബ്രിജ് സ്കൂളിലെ വിദ്യാർഥികൾ. അട്ടപ്പാടി ക്യാംപ് സെന്ററിലായിരുന്നു ഹൈടെക് ട്രൈബ് എന്നു പേരിട്ട മൂന്നു ദിവസത്തെ പരിശീലനം. കാഴ്ചയുള്ള ശിഷ്യന്മാർക്ക് അറിവുപകരാൻ കംപ്യൂട്ടറിന്റെ സാങ്കേതികതകളെല്ലാം ശബ്ദത്തിലൂടെ മാത്രം പഠിച്ചെടുത്ത അധ്യാപകർക്കു മിഴികളിലെ ഇരുട്ട് തടസ്സമായില്ല. കുട്ടികൾക്കും പഠനം പുതിയ അനുഭവമായിരുന്നു. കംപ്യൂട്ടറിന്റെ ബാലപാഠങ്ങൾ അറിയാനായതിലെ കുട്ടികളുടെ ആഹ്ലാദം അധ്യാപകരെയും സന്തുഷ്ടരാക്കി. ക്യാംപുകൾ തുടരുമെന്നു സംഘാടകർ അറിയിച്ചു
http://localnews.manoramaonline.com/palakkad/local-news/2017/12/19/dv-camp.html